
കൊച്ചി: ചികിത്സയുടെ പേരിൽ സുഹൃത്തായ യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവച്ച് മർദിക്കുകയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ കവർന്നെടുക്കുകയും ചെയ്ത സംഭവത്തിൽ മലയാള സിനിമാ മേഖലയിലെ രണ്ട് താരങ്ങൾ അറസ്റ്റിലായതോടെ കേസ് വലിയ ചർച്ചയാകുന്നു. നടി അതുല്യ ചന്ദ്രനും നടനും നിർമാതാവുമായ ബിബിൻ പെരുമ്പിള്ളിയുമാണ് കേസിലെ പ്രധാന പ്രതികൾ. ഡോക്ടറിൽനിന്ന് ആറുകോടി രൂപ തട്ടിയെടുക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പ്രണവ് മോഹൻലാൽ നായകനായ 'ഡീയസ് ഈറ', മമ്മൂട്ടി ചിത്രം 'ഗാനഗന്ധർവൻ' എന്നിവയിലൂടെ ശ്രദ്ധ നേടിയ താരമാണ് അതുല്യ ചന്ദ്രൻ. നിയമപഠനം പൂർത്തിയാക്കിയ ശേഷമാണ് മോഡലിങ്ങിലൂടെ കലാരംഗത്തേക്ക് എത്തിയത്. തെലുങ്ക് ചിത്രമായ 'മധുവരലറ'യിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. എന്നാൽ ആദ്യം പ്രേക്ഷകരിലേക്കെത്തിയത് 'ഗാനഗന്ധർവൻ' ആണ്. യോഗി ബാബുവും സുനൈനയും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രം 'ട്രിപ്പ്' ഉൾപ്പെടെയുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അതുല്യ മുംബൈയിലാണ് ജനിച്ചത്. പത്താം ക്ലാസ് വരെ ചങ്ങനാശ്ശേരിയിൽ പഠിച്ച അവർ ഹരിയാനയിലെ കുരുക്ഷേത്ര സർവകലാശാലയിൽനിന്നാണ് എൽഎൽബി ബിരുദം നേടിയത്. പ്രമുഖ അഭിഭാഷകൻ ബി. രാമൻപിള്ളയുടെ ജൂനിയറായും പ്രവർത്തിച്ചിട്ടുണ്ട്.
'ഡീയസ് ഈറ'യിലെ അതുല്യയുടെ കഥാപാത്രവും പ്രകടനവും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ബോൾഡ് വേഷവും ഇന്റിമേറ്റ് രംഗങ്ങളും സിനിമാ മേഖലയിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായി. 'ടോക്സിക്' സിനിമയുടെ ടീസറുമായി ബന്ധപ്പെട്ട് ഉയർന്ന സദാചാര-ഫെമിനിസ്റ്റ് ചർച്ചകളിലും നടിയുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു. സ്ത്രീകളുടെ ഉഭയസമ്മതത്തോടെയുള്ള അഭിനയത്തെ പിന്തുണച്ച് നടി റിമ കല്ലിങ്കൽ പങ്കുവച്ച കുറിപ്പിനോടനുബന്ധിച്ചായിരുന്നു ഇത്. അന്ന് അതുല്യ നടത്തിയ പ്രതികരണവും ശ്രദ്ധ നേടിയിരുന്നു.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ ബിബിൻ പെരുമ്പിള്ളി നടൻ എന്നതിലുപരി സിനിമാ നിർമാണ മേഖലയിലും സജീവമാണ്. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. 'കുറുപ്പ്', 'സല്യൂട്ട്', 'ലോക' തുടങ്ങിയ വേഫെറർ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 'ആശാൻ', 'കടകൻ', 'റൈഫിൾ ക്ലബ്', 'കളംകാവൽ', 'മേനേ പ്യാർ കിയാ' എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. 'റൈഫിൾ ക്ലബ്ബി'ലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആറുകോടി ആവശ്യപ്പെട്ടെന്ന് പൊലീസ്
നവംബർ രണ്ടിന് വൈകിട്ട് ആറരയോടെയാണ് പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിൽ കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസിന് ലഭിച്ച പരാതി. അതുല്യ ചന്ദ്രന് നേരത്തെ പരിചയമുണ്ടായിരുന്ന കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ 41കാരനായ ഡോക്ടറെയാണ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. തന്റെ അമ്മയുടെ സഹോദരിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അടിയന്തരമായി എത്തി പരിശോധിക്കണമെന്നുമായിരുന്നു അതുല്യ ഫോണിലൂടെ അറിയിച്ചത്.
സുഹൃത്തിന്റെ വാക്കുകൾ വിശ്വസിച്ചെത്തിയ ഡോക്ടറെ ഫ്ലാറ്റിൽ കാത്തുനിന്ന പന്ത്രണ്ടംഗ സംഘം തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് കസേരയിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും മൂന്ന് ലക്ഷം രൂപയോളം വിലമതിക്കുന്ന രണ്ട് ഐഫോണുകളും സ്മാർട്ട് വാച്ചും ഉൾപ്പെടെയുള്ള സാധനങ്ങൾ കൈക്കലാക്കുകയും ചെയ്തെന്നാണ് പരാതി.
ഡോക്ടറും അതുല്യയുടെ അടുത്ത ബന്ധുവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള സ്വകാര്യ ചാറ്റുകളും ദൃശ്യങ്ങളും ഉപയോഗിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പ്രശ്നം പരിഹരിക്കാനെന്ന പേരിൽ അതുല്യയും ബിബിനും ചേർന്ന് ആറുകോടി രൂപ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.
ഇത്രയും വലിയ തുക നൽകാനാവില്ലെന്ന് ഡോക്ടർ അറിയിച്ചതോടെയാണ് മർദനം ആരംഭിച്ചതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. പണം നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
വേഫെററിന്റെ ജീവനക്കാർക്കായി എടുത്ത ഫ്ലാറ്റ്
വേഫെറർ നിർമാണ കമ്പനി ജീവനക്കാർക്കായി എടുത്തുനൽകിയ അപ്പാർട്ട്മെന്റാണ് ഗൂഢാലോചനയ്ക്കായി ഉപയോഗിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഡോക്ടറെ അവിടേക്ക് എത്തിക്കുന്നതും തുടർന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതും നേരത്തെ ആസൂത്രണം ചെയ്തതാണെന്നാണ് സംശയം.
സംഭവവുമായി ബന്ധപ്പെട്ട് ബിബിൻ പെരുമ്പിള്ളിയുടെ സഹായിയായ വിഷ്ണുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അടിപിടി ഉൾപ്പെടെ എട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഡോക്ടറുടെ ഫോണും സ്മാർട്ട് വാച്ചും കൈക്കലാക്കിയ ജിം പരിശീലകനും കേസിൽ പ്രതിയാണ്. ആകെ 12 പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട ഡോക്ടർ പിന്നീട് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. എന്നാൽ സംഭവം നടന്നതിന് രണ്ടുദിവസത്തിന് ശേഷമാണ് പരാതി നൽകിയതെന്നാണ് വിവരം. അതുല്യയുടെ അടുത്ത ബന്ധുവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. സംഭവത്തിൽ ഹണിട്രാപ്പ് നടന്നിട്ടുണ്ടോയെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.










